ചില വാക്കുകളങ്ങനെയാണ്
ഉടയോനെ പിന്നിലാക്കി വളരും
വളര്‍ന്നുവളര്‍ന്ന് പുതിയൊരാകാശം തീര്‍ക്കും
ആകാശക്കീഴില്‍ വേറൊരാകാശം!
അര്‍ത്ഥം തേടിത്തളര്‍ന്നൊടുവില്‍
ഇളവേല്‍ക്കാന്‍ എനിക്കിവിടം
ആകാശത്തണലില്‍ സ്വസ്ഥം! സുഖം!
എന്തോ തേടിത്തളര്‍ന്ന് ചില വാക്കുകള്‍
കൂട്ടുവരാറുണ്ടിവിടെ
ഒരുതരം കരുവാളിച്ച വിഷാദമാണ്
അവയുടെ കണ്‍തടങ്ങളില്‍ എപ്പോഴും.
അഗ്നിയെ തൊട്ടാല്‍ പൊള്ളുന്നില്ലത്രേ
പ്രണയം ഒരു നോവായി പടരുന്നുമില്ലത്രേ
എനിക്കറിയില്ല, എന്തിനാണവറ്റകള്‍
എന്നെയിങ്ങനെ തുറിച്ചു നോക്കുന്നതെന്ന്.
ജീവനറ്റ മറ്റൊന്നുണ്ട് എപ്പോഴും കൂടെ - ദൈവം!
കഴുത്തില്‍ തൂങ്ങിയാടുന്ന ഈ കുരിശില്‍
നെറ്റിയിലെ തഴമ്പില്‍, ഒരുനുള്ളു ഭസ്മത്തില്‍
കൈത്തണ്ടയിലെ കറുത്തചരടില്‍
എനിക്കൊപ്പം എപ്പോഴുമിങ്ങനെ...
ഈ തണലില്‍ സ്വസ്ഥം! സുഖം!
ഇനി എല്ലാം മറന്നൊന്നുറങ്ങട്ടെ ഞാന്‍
ഒന്നും കാണാതെ... ഒന്നുമറിയാതെ...